ഗാഡ്ഗിൽ, കസ്തൂരി രംഗൻ സമിതി റിപ്പോര്ട്ട്
ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി (വെസ്റ്റേൺ ഘട്ട് ഇക്കോളജി എക്സ്പർട്ട് പാനൽ - WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്.
രൂപീകരണ പശ്ചാത്തലം
2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആണ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഈ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങൾ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഈ മേഖലയില അനിയന്ത്രിതമായ പൃകൃതി ചൂഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് 2010 ഫെബ്രുവരിയിൽ നീലഗിരി മലകളിലെ കോത്തഗിരിയിൽ നടന്ന പാരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഈ സമിതി രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജയറാം രമേഷ് നടത്തിയത്.
പരിസ്ഥിതി സംഘടനകളും ശാസ്ത്ര-സാങ്കേതിക സമൂഹവുമൊക്കെയായി നടത്തിയ വിശദമായ സംവാദങ്ങൾക്കും സാങ്കേതിക ചർച്ചകൾക്കും അഭിപ്രായ രൂപീകരണവും നടത്തിയതിനുശേഷം 2011 ഓഗസ്റ്റ് 31 നാണ് ഗാഡ്ഗിൽ സമിതി തങ്ങളുടെ 522 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
സമിതി അംഗങ്ങൾ
പ്രൊഫ. മാധവ് ഗാഡ്ഗിൽ (അദ്ധ്യക്ഷൻ), ബി.ജെ. കൃഷ്ണൻ, ഡോ. കെ.എൻ. ഗണേഷയ്യ, ഡോ. വി.എസ്. വിജയൻ, പ്രോഫ. റെനീ ബോർഗസ്, പ്രോഫ. ആർ. സുകുമാർ, ഡോ. ലിജിയ നൊറോന്ഹ, വിദ്യ എസ്. നായക്, ഡോ. ഡി.കെ. സുബ്രഹ്മണ്യം, ഡോ. ആർ.വി. വർമ്മ (കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ്), ചെയർമാൻ, ദേശീയ ജൈവവൈവിദ്ധ്യ അതോറിറ്റി, പ്രൊഫ. സി.പി. ഗൌതം (കേന്ദ്ര മലിനികരണ നിയന്ത്രണ ബോർഡ്), ഡോ. ആർ.ആർ. നവൽഗുണ്ട് (സ്പേസ് ആപ്ലിക്കേഷൻ സെന്റർ), ഡോ. ജി.വി. സുബ്രഹ്മണ്യം (ശാസ്ത്രസാങ്കേതിക പരിസ്ഥിതി മന്ത്രാലയം ഉപദേശകൻ)
പശ്ചിമഘട്ടത്തിന്റെ അതിരുകൾ
പരിസ്ഥിതിലോലമെന്ന വിഭാഗത്തിൽ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകൾ ഏതെന്നതാണ് സമിതി പ്രധാനമായും നിർണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈർഘ്യവും കുറഞ്ഞത് 48 കി.മീ. മുതൽ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ് സമിതിയുടെ പഠനത്തിന് വിധേയമായത്. ഇത് മഹാരാഷ്ട്രയിലെ താപി നദിയുടെ തീരത്തുനിന്നും ആരംഭിച്ച് തെക്കോട്ട് കന്യാകുമാരിയിൽ വരെ വ്യാപിച്ചു കിടക്കുന്ന 8°19′8″N 72°56′24″E മുതൽ 21°16′24″N 78°19′40″E വരെയുള്ള അക്ഷാംശ രേഖാംശാ പ്രദേശമാണ്.
സമിതിക്ക് ലഭിച്ച ഉത്തരവാദിത്വങ്ങൾ
താഴെപറയുന്ന കാര്യങ്ങൾ വിലയിരുത്തുന്നതിനായുള്ള അനുശാസനമാണ് മാധവ് ഗാഡ്ഗിൽ സമിതിക്ക് സർക്കാർ നൽകിയത്:
- പശ്ചിമഘട്ട മേഖലയുടെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക.
- 1986 ലെ പരിസ്ഥിതി (സംരക്ഷണ) നിയമം പ്രകാരം പശ്ചിമഘട്ടമേഘലയിലെ പാരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരടയാളപ്പെടുത്തുക. ഇപ്രകാരം ചെയ്യുന്നതിലേക്ക് നിലവിലുള്ള റാം മോഹൻ കമ്മറ്റി റിപ്പോർട്ട്, സുപ്രീംകോടതി നിർദ്ദേശങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ സമിതി പരിഗണിക്കുക, ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകളോട് ആരായുക.
- ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളും സർക്കാരുകളും ചേർന്നുള്ള സമഗ്ര സമ്പർക്കത്തിലൂടെ പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം, പരിപാലനം, പുനരുജ്ജീവനം തുടങ്ങിയവയ്കാവശ്യമായ ശുപാർശകൾ സമർപ്പിക്കുക.
- പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം നടത്തുന്നതിന്റെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക.
- ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക പരിപാലനത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്ന ഒരു പ്രൊഫണൽ സംവിധാനമായി, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ ശുപാർശ ചെയ്യുക.
- പശ്ചിമഘട്ടത്തിന്റെ പരിസര - പരിസ്ഥിതി സംബന്ധമായി, കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പരാമർശിക്കുന്നടക്കമുള്ള മറ്റെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക.
- അതിരപ്പള്ളി, ഗുണ്ടിയ ജനലവൈദ്യുത പദ്ധതികൾ, ഗോവയിലെയും തീരപ്രദേശമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ദുദുർഗ് ജില്ലകളിലെയും പുതിയ ഖനന അനുമതികൾക്ക് മോറൊട്ടോറിയം പ്രഖ്യാപിക്കൽ തുടങ്ങിയവ സംബന്ധിച്ച ശുപാർശകളും സമിതിയുടെ അനുശാസനത്തിൽ ഉൾക്കൊള്ളിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയും പിന്നീട് ആവശ്യപ്പെടുകയുണ്ടായി.
കസ്തൂരി രംഗൻ സമിതി റിപ്പോർട്ട്
മാധവ് ഗാഡ്ഗിൽ സമിതിയുടെ ഈ റിപ്പോർട്ട് സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങളും സംസ്ഥാന സർക്കാരുകളും കടുത്ത ആശങ്ക ഉന്നയിക്കുകയും വിവിധ രാഷ്ട്രീയ കക്ഷികൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഈ ആശങ്കൾ പരിഗണിച്ചും ഗാഡ്ഗിൽ സമിതി ശുപാർശകൾ വിലയിരുത്തിയും പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കുക എന്ന നിർദ്ദേശത്തോടെ കേന്ദ്ര ആസൂത്രണ കമ്മീഷൻ അംഗം കെ. കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള മറ്റൊരു സമതിയെ കേന്ദ്ര സർക്കാർ നിയോഗിച്ചു.
എന്നാൽ വിശദമായ വിലയിരുത്തലിനുശേഷവും ഗാഡ്ഗിൽ സമിതി ശുപാർശകളെ തത്വത്തിൽ അംഗീകരിക്കുന്ന നിലപാടാണ് കസ്തൂരി രംഗൻ സമിതിയും മുന്നോട്ട് വെച്ചത്. അതേസമയം സുപ്രധാനമായ ചില മേഖലകളിൽ കാതലായ മാറ്റങ്ങളും നിർദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലിൽ മൂന്ന് ഭാഗവും പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശകളിൽ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരങ്കൻ സമിതി വിലയിരുത്തി. ഗാഡ്ഗിൽ കമ്മറ്റി ശുപാർശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകൾക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിർദ്ദേശം. കേരളത്തിലെ റിസർവ്, നിക്ഷിപ്ത വന മേഖലകൾ പോലും പൂർണമായി സംരക്ഷിക്കാൻ സമിതി ശുപാർശ ചെയ്യുന്നില്ല. ഉയർന്ന വന മേഖല ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ഒറ്റ വില്ലേജും പരിസ്ഥിതി സംവേദക മേഖലയായി പട്ടികയിലില്ലായെന്നത് പരിസ്ഥിതി പ്രവർത്തകരുടെ വിമർശനത്തിനു വിധേയമായിട്ടുണ്ട്. തലശ്ശേരി താലൂക്കിലെയും വനമേഖല പൂർണമായി സംരക്ഷിക്കപ്പെടേണ്ട പ്രദേശത്തിൻറെ പട്ടികയിലില്ല. മൂന്ന് വില്ലേജുകൾ മാത്രമാണ് പട്ടികയിലുള്ളത്. ഫലത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിൻറെ അന്തസത്ത ഉൾക്കൊള്ളാതെയും പരിസ്ഥിതി സംരക്ഷണത്തിനുള്ള മാർഗങ്ങൾ വ്യക്തമായി നിർദ്ദേശിക്കാടെയുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാന സർക്കാരുകളുടെയും കുടിയേറ്റക്കാരുടെ പേരിൽ ചില എൻ.ജി.ഒ സംഘടനകളുടെയും നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കാതലായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.പരിസ്ഥിതി സംവേദക മേഖലകളിലെ വികസനപ്രവർത്തനങ്ങളിൽ ഗാഡ്ഗിൽ സമിതി നിർദ്ദേശിച്ച കർശനനിയന്ത്രണങ്ങൾ തന്നെ നടപ്പാക്കണമെന്നും യാതൊരുവിധ ഖനനപ്രവർത്തനങ്ങളും ഇപ്രകാരമുള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ അനുവദിക്കുവാൻ പാടില്ലെന്നും സമിതി നിർദ്ദേശിക്കുന്നുണ്ട്. അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ എതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശയെ ഈ സമിതിയും പിൻതാങ്ങിയെങ്കിലും പുതിയ പഠന റിപ്പോർട്ടുമായി അംഗീകാരത്തിനായി അപേക്ഷിക്കണമെന്നു കേരള സർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട ചർച്ച ചെയ്തു നടപ്പാക്കണമെന്നും കേരളത്തിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാർഷികം പ്രമേയത്തിലൂടെ സർക്കാരുകളോട് ആവശ്യപ്പെട്ടു.
Courtesy: wikipedia
Thank you sir for this info. Was very useful.
ReplyDelete