Tuesday, July 15, 2014

പശ്ചിമഘട്ട മലനിരകളിലെ പരിസ്ഥിതി സംരക്ഷണം വരും തലമുറക്കായി

”സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ഉത്തരവാദിത്വമുള്ള പദവികളില്‍ ഇരിക്കുന്നവരേ, നല്ല മനസ്സുള്ള സ്ത്രീ പുരുഷന്‍മാരേ: നമുക്ക് സൃഷ്ടിയുടെ സംരക്ഷകരാകാം, പ്രകൃതിയില്‍ ദൈവം കരുതിവെച്ച പദ്ധതിയുടെ സംരക്ഷകരാകാം, പരസ്പരം സംരക്ഷകരാകാം, പരിസ്ഥിതിയുടെയും സംരക്ഷകരാകാം” 
- പോപ്പ് ഫ്രാന്‍സിസ്, മാര്‍ച്ച് 18, 2013 സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍


”കാടുകള്‍ അപ്രത്യക്ഷമാകുന്നതിനും പച്ച വിരിപ്പ് നാശോന്മുഖമാകുന്നതിനും കാരണം ആദിവാസികളല്ല. കരാറുകാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ഭരണവര്‍ഗ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന അത്യാര്‍ത്തി പൂണ്ട സംഘമാണതിന് കാരണക്കാര്‍. കാട് കൊള്ളയടിക്കലും വ്യാപകമായ മരം വെട്ടും മുതലാളിത്ത വികസനത്തിന്റെ പ്രതിരോധിക്കാനാകാത്ത രീതിയാണ്” 
- സി പി ഐ (എം), ആദിവാസികളെ കുറിച്ചുള്ള നയരേഖ


മാധവ് ഗാഡ്ഗില്‍ , കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളെക്കുറിച്ച് വലിയ തോതില്‍ തെറ്റിദ്ധാരണകള്‍ പരത്തിയവര്‍, ആ പ്രചാരണം നേരത്തെ ആരംഭിക്കുകയും എതിരഭിപ്രായങ്ങളെ അടിച്ചോടിക്കാന്‍ പാകത്തിലുള്ള വിദ്വേഷം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ആ പ്രചാരണത്തിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ സഭയുണ്ടായിരുന്നു, മലയോര കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ച കേരളാ കോണ്‍ഗ്രസുണ്ടായിരുന്നു, മലയോര കര്‍ഷകര്‍ക്കിടയില്‍ ഏത് വിധത്തിലും സ്വാധീനമുറപ്പിക്കണമെന്ന് ലക്ഷ്യമിട്ട സി പി എമ്മുണ്ടായിരുന്നു.
മാധവ് ഗാഡ്ഗില്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അത് വിശ്വാസികളെ പഠിപ്പിച്ച്, പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തത് പോലെ പ്രകൃതിയില്‍ ദൈവം കരുതിവെച്ച പദ്ധതിയുടെ സംരക്ഷകരായി ജീവജാലങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പിന് വേണ്ടി പരിസ്ഥിതിയുടെയും സംരക്ഷകരാക്കേണ്ട കത്തോലിക്കാ സഭ റിപ്പോര്‍ട്ടുകളെക്കുറിച്ച് വലിയ തോതില്‍ തെറ്റിദ്ധാരണകള്‍ പരത്തി എതിര്‍ക്കുയാണ് ചെയ്ത്ത് 

പൗരോഹിത്യത്തിന്റെ ഇംഗിതങ്ങള്‍ക്കപ്പുറത്തുള്ള രാഷ്ട്രീയ നിലപാട് അന്യമായ കേരള കോണ്‍ഗ്രസ് മുന്‍പിന്‍ നോക്കാതെ സഭക്കൊപ്പം നില്‍ക്കുക സ്വാഭാവികം. പക്ഷേ, സി പി എമ്മും സി പി ഐയും ഈ വഴി സ്വീകരിക്കുമ്പോള്‍, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വികസനവും പരിസ്ഥിതി സംരക്ഷണവും യോജിച്ച് പോകേണ്ടതിന്റെ ആവശ്യതയെക്കുറിച്ചും ഇക്കാലത്തിനിടെ പൊതുവിലുണ്ടായ അവബോധത്തെയാകെ തകര്‍ക്കുകയാണ് അവര്‍. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണവും മുന്‍നിര്‍ത്തി നിയമ നിര്‍മാണങ്ങള്‍ക്ക് ശ്രമിച്ച 1957ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ പുറത്താക്കാന്‍ നടന്ന വിമോചന സമരത്തിന്റെ നേതൃത്വത്തില്‍ സഭയുണ്ടായിരുന്നു. ആ സമരം ഏതളവിലാണ് കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ മാറ്റമുണ്ടാക്കിയതെന്ന് അറിയാത്തവരല്ല ഇടത് പാര്‍ട്ടികളുടെ നേതാക്കള്‍. സ്വകാര്യ സ്വാശ്രയ പ്രൊഫഷനല്‍ കോളജുകള്‍ അനുവദിച്ച് കിട്ടുന്നതിന് സഭാ നേതൃത്വം സ്വീകരിച്ച നിലപാടും അനുവദിച്ച് കിട്ടിയതിന് ശേഷം അവര്‍ നടത്തിയ മറുകണ്ടംചാടലും നിയമനിര്‍മാണത്തിന് ശ്രമിച്ചപ്പോള്‍ രണ്ടാം വിമോചന സമരത്തിന് നടത്തിയ ആഹ്വാനവും അറിയാത്തവരുമല്ല. ജീവകാരുണ്യ മേഖലയിലും വിദ്യാഭ്യാസ രംഗത്തും സംഭാവനകള്‍ നല്‍കുമ്പോള്‍ തന്നെ, സമൂഹത്തില്‍ തുല്യാവസരമുറപ്പാക്കി മുന്നോട്ടുപോകാന്‍ നടത്തിയ ശ്രമങ്ങളെ, പ്രതിരോധിച്ച ചരിത്രമാണ് സഭക്ക്. ആറ് മുതല്‍ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കി നിയമം കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ ആദ്യമെത്തിയത് സഭയായിരുന്നുവെന്നത് സമീപകാല ചരിത്രം. ഈ അവസ്ഥയില്‍ സഭയുമായി കൈകോര്‍ത്ത് സമരത്തിന്, സി പി എമ്മും സി പി ഐയും അടക്കം ഇടത് പാര്‍ട്ടികള്‍ അണിനിരക്കുമ്പോള്‍, അതിനൊരു ലക്ഷ്യമേയുള്ളൂ – വിമോചനസമരത്തിന് ശേഷം ഇക്കാലമത്രയും കോണ്‍ഗ്രസിനെയോ കേരളാ കോണ്‍ഗ്രസിനെയോ അതുവഴി യു ഡി എഫിനെയോ പിന്തുണച്ച കുടിയേറ്റ കര്‍ഷകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനായാല്‍ വരുംകാല തിരഞ്ഞെടുപ്പുകളിലൊക്കെ നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം.
സുപ്രീം കോടതിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി സംരക്ഷണം കേന്ദ്രത്തിന്റെ പ്രധാന പരിഗണനാ വിഷയങ്ങളില്‍ ഒന്നാണ്, അത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. നാളെ ഇടതു മുന്നണിയുടെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍, ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാറെടുക്കുന്ന അതേ നിലപാടേ സ്വീകരിക്കാനാകൂ. അപ്പോള്‍ പള്ളിയും പട്ടക്കാരും എതിരാകും. തത്കാല ലാഭമെന്നതിനപ്പുറത്തൊന്നും ഇടതു പാര്‍ട്ടികള്‍ക്ക് ഇവിടെ കിട്ടാനില്ല. നടപ്പാക്കേണ്ടത് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെയാണെന്ന് പ്രഖ്യാപിച്ച വി എസ് അച്യുതാനന്ദന്‍ പോലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്ന പഴുത് കണ്ടപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പോലും നടപ്പാക്കരുതെന്ന നിലപാടെടുത്തു.
കേരളത്തില്‍ കാലാവസ്ഥക്ക് മാറ്റമുണ്ടായിട്ടുണ്ടെന്നും അത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ടെന്നും കുടിവെള്ള ക്ഷാമവും വൈദ്യുതി കമ്മിയും അനുഭവപ്പെടുന്ന വേനലില്‍ ഇവരൊക്കെ തല കുലുക്കി സമ്മതിക്കും. ജലസമൃദ്ധിയുടെയും ചൂടിനെ വെന്നൊഴുകിയിരുന്ന കാറ്റിന്റെയും കാലങ്ങളെക്കുറിച്ച് മധുരസ്മൃതികള്‍ അയവിറക്കുകയും ചെയ്യും. നഷ്ട സമ്പത്തുക്കളെക്കുറിച്ച് ഓര്‍മിക്കുന്നവര്‍ക്ക്, ഇപ്പോഴനുഭവിക്കുന്ന ചെറിയ ആശ്വാസങ്ങള്‍ വരും തലമുറക്കായി കാത്തുവെക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന തോന്നല്‍ ഉണ്ടാകുന്നില്ല. 
Via sirajlive.com

No comments:

Post a Comment